വടക്കഞ്ചേരി: ഓണപ്പരീക്ഷ കഴിഞ്ഞ് നാട്ടിലെ കുട്ടികളെല്ലാം കളികളിലും യാത്രകളിലുമൊക്കെയായി ആർത്തുല്ലസിക്കുമ്പോൾ സഞ്ജുവിനും സഞ്ജയനും സന്ദീപിനും അതെല്ലാം എത്തിപ്പിടിക്കാനാകാത്ത നിറക്കൂട്ടുകളും സ്വപ്നങ്ങളും മാത്രം.
മുന്നിലുള്ള ടാർറോഡിലൂടെ ഓണത്തിരക്കുകളുടെ വാഹനങ്ങൾ പറയുമ്പോൾ പാറപ്പുറത്തെ കുടിലിനു മുന്നിലിരുന്ന് അവർ സന്പന്നരുടെ ഓണക്കാഴ്ച കാണും. ഒന്നാംഓണവും തിരുവോണവും ഇവർക്ക് കഷ്ടപ്പാടു നിറഞ്ഞ സാധാരണ ദിവസം പോലെയല്ലാതെ വിശേഷപ്പെട്ടതായി ഒന്നുമുണ്ടാകാറില്ല.
കിഴക്കഞ്ചേരി പഞ്ചായത്തിലെ കണിച്ചിപരുതക്കടുത്ത് കൊടുമ്പാലയിലെ ആദിവാസി കുടുംബങ്ങളുടെ സ്ഥിതിയാണിത്. സഞ്ജുവിന് എട്ടുമാസം പ്രായമുള്ളപ്പോൾ അമ്മ സിന്ധു മരിച്ചു. അവനിപ്പോൾ മൂന്നുവയസുണ്ട്. സഞ്ജയിന് പത്ത് വയസും മൂത്തയാൾ സന്ദീപിന് 14 വയസുമാണ് പ്രായം. വർഷങ്ങൾക്കുമുമ്പേ അച്ഛൻ ഇവരെ വിട്ടുപോയി. മുത്തശി തായുവിന്റെ സംരക്ഷണയിലാണ് ഇവർ കഴിയുന്നത്.
കിടപ്പാടം മുതൽ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവർക്കില്ല. പാറപ്പുറമായതിനാൽ സെപ്റ്റിക് ടാങ്ക് നിർമിക്കാനാകില്ല. ഇതിനാൽ കക്കൂസും കുളിമുറിയുമില്ല. പഴയ ടാർപോളിനും പ്ലാസ്റ്റിക് ചാക്കുകളും കീറിപ്പറിഞ്ഞ തുണികളുംകൊണ്ട് മൂടിക്കെട്ടിയ കുടിലിലാണ് മൂന്നുവയസുകാരൻ ഉൾപ്പെടുന്ന നാലംഗകുടുംബം കഴിയുന്നത്. മേൽക്കൂരയിൽ വിരിച്ചിട്ടുള്ള പ്ലാസ്റ്റിക് ചാക്കുകൾക്കിടയിൽനിന്നു രാത്രികാലങ്ങളിൽ പാമ്പുകൾ തലപൊക്കും. പിന്നെ പേടിച്ച് ഉറങ്ങാറില്ല.
തറയിൽചാക്കുവിരിച്ച് കിടന്നുറങ്ങുന്ന കുട്ടികൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുമോ എന്ന പേടിയിൽ പാമ്പിനെ നോക്കിയിരുന്ന് നേരം വെളുപ്പിക്കുമെന്നു മുത്തശി തായു പറഞ്ഞു.
നിവർന്നു നിൽക്കാൻപോലും കഴിയാത്ത കുടിലുതന്നെ ഇപ്പോൾ അപകട ഭീഷണിയിലാണ്. തൂണായി സ്ഥാപിച്ചിട്ടുള്ള മരക്കമ്പുകളെല്ലാം ചിതൽപിടിച്ച് ഏതുസമയവും പൊട്ടിവീഴാം.
പോഷകാഹാര കുറവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമുണ്ട്.
ഇവരുടെ വീട് കൂടാതെ മറ്റു മൂന്നു കുടുംബങ്ങൾകൂടി ഇവിടെയുണ്ട്. ഈ വീടുകൾക്കുചുറ്റും വലിയ മരങ്ങളാണ്. കാറ്റടിച്ചാൽ ചെറിയ കമ്പുപൊട്ടി വീണാൽപോലും ഇവരുടെ കുടിലുകൾ തകർന്ന് ദുരന്തം സംഭവിക്കും.
ചത്തുപോയിട്ട് അരിയുംപണിയും കിട്ടിയിട്ട് എന്തുകാര്യം എന്നാണ് ഇവർ ചോദിക്കുന്നത്. സംസ്ഥാനം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവരെപ്പോലെ നിരവധി കുടുംബങ്ങൾ ഇന്നും സമയങ്ങളിൽ ഭക്ഷണം പോലുമില്ലാതെ കഴിയുന്നുണ്ട്. വീടും സ്ഥലവുമെല്ലാം ഇവർക്കും അവകാശപ്പെട്ടതാണ്. എന്നാൽ സമ്മർദശക്തിയാകാൻ കഴിയാത്തതിനാൽ ഇവരെ പരിഗണിക്കാൻ ആരും തയാറാകുന്നില്ലെന്നതാണ് വാസ്തവം.